Tuesday, January 25, 2011

എം ടിയുടെ അറബിപ്പൊന്നും, രണ്ടാമൂഴവും ഇംഗ്ലീഷിലേക്ക് മൊഴിമാറ്റംചെയ്ത പി കെ രവീന്ദ്രനാഥിനെപ്പറ്റി ടി ജെ എസ് ജോര്‍ജ്ജ് പറയുന്നത് നോക്കു:
‘നിര്‍മ്മാല്യ്’ ത്തിലും രവിക്ക് ഒരു പങ്കുണ്ടായിരുന്നൂ. വെളിച്ചപ്പാട് വീട്ടില്‍ ചെല്ലുമ്പോള്‍ ഭാര്യയുടെ മുറിയില്‍ ന്മിന്ന് മുതലാളി ഇറങ്ങിവരുന്ന രംഗവും, വെളിച്ചപ്പാട് ഭഗവതിയെ തുപ്പുന്ന രംഗവും ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ച് എം ടിക്ക് ശക്തമായ സംശയങ്ങളുണ്ടായിരുന്നു. അവശ്യം വേണ്ട രംഗങ്ങളാണെന്നു പറഞ്ഞവരുടെ കൂട്ടത്തില്‍ രവിയും ചേര്‍ന്നു. പക്ഷേ പടം തയ്യാറായപ്പോള്‍ വിതരണക്കാര്‍ക്കു ഭയമായി. പൊട്ടിത്തെറിയുണ്ടാക്കാവുന്ന രംഗങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ആരും ധൈര്യപ്പെട്ടില്ല. എം ടി വിഷമിച്ചു രവിയോട് കാര്യം പറഞ്ഞു. ഒരു പ്രിന്റ് അയക്കാന്‍ ആവശ്യപ്പെട്ടു രവി. ബോംബെയില്‍ ആദ്യം ക്ഷണിതാക്കളുടെ മുന്‍പിലും പിന്നെ ഒരു സിനിമാ ശാലയിലും ചിത്രം പ്രദര്‍ശിപ്പിച്ചു. പ്രതീക്ഷിച്ചതിലും നല്ല സ്വീകരണമായിരുന്നു. ബോംബെയിലെ വിജയത്തിന്റെ തണലില്‍ ‘നിര്‍മ്മാല്യം’ റിലീസായി. കയ്യടി നാടെങ്ങും മുഴങ്ങി.....
(ഘോഷയാത്ര -പുറം 112)
ഭീം സെന്‍ ജോഷി.....
കര്‍ണ്ണാടകയിലെ ഗഡഗില്‍ ബ്രാഹ്മണകുടുംബത്തില്‍ ജനിച്ചു. പതിനൊന്നാമത്തെ വയസ്സില്‍ ഉസ്താദ് അബ്ദുള്‍ കരീം ഖാന്റെ റിക്കാഡ് സംഗീതം -ഹിന്ദുസ്ഥാനിയിലെ ഭക്തിഗാനശൈലികളില്‍ ‘തുമ്‌രി’ എന്നറിയപ്പെടുന്ന ശൈലിയിലെ ഗാനം- ഒരു ചായക്കടയില്‍ നിന്ന് കേട്ട് സംഗീതത്തിലാകൃഷ്ടനായി ഗുരുവിനെത്തേടി നാടുവിട്ടു.
ട്രെയിനില്‍ പാട്ടുപാടി ഭിക്ഷ യാചിച്ച് ഭക്ഷണത്തിനുള്ള പണം കണ്ടെത്തി. മദ്ധ്യേന്ത്യയിലും ഉത്തരേന്ത്യയിലും വളരെനാളത്തെ അലച്ചിലിനൊടുവില്‍ ഹിന്ദുസ്ഥാനിയിലെ കിരാനാ ഖരാനായുടെ വക്താവും പ്രശസ്ത ഗായകനുമായ സവായ് ഗന്ധര്‍വയുടെ ശിഷ്യനായി. പത്തൊമ്പതാമത്തെ വയസ്സില്‍ ആദ്യമായി കച്ചേരി നടത്തി.
1943 ല്‍ 22-) മത്തെ വയസ്സില്‍ ആദ്യ എച് എം വി റിക്കാഡ് പുറത്തിറങ്ങി.
ഹിന്ദുസ്ഥാനി ക്ലാസ്സിക്കല്‍ വിഭാഗത്തിലെ ‘ഖയാല്‍’ പാടുന്നതിലായിരുന്നു അദ്ദേഹം കൂടുതല്‍ ശ്രദ്ധിച്ചിരുന്നത്. ഇതിനു പുറമേ ഹിന്ദിയിലും മറാഠിയിലും ധാരാളം ഭജനുകള്‍ പാടി. ആധുനിക ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന് കാരണക്കാരനായി സംഗീതസ്നേഹികള്‍ അദ്ദേഹത്തെ ബഹുമാനപൂര്‍വം ‘ആധുനിക കാലത്തെ താന്‍സന്‍ ‘ എന്നു വിളിക്കുന്നു.

ശബ്ദഗാംഭീര്യമാണ്‍ ഭീംസെന്‍ ജോഷിയെ ആരാധനാപാത്രമാക്കുന്നത്. കൂടാതെ സംഗീതത്തോടുള്ള സമര്‍പ്പണവും. ഹിന്ദുസ്ഥാനി ക്ലാസ്സിക്കല്‍ സംഗീതാരാധകര്‍ കൂടാതെതന്നെ ഭീംസെന്‍ ജോഷി ജനപ്രിയനായിരുന്നു. ഇന്‍ഡ്യയുടെ അനൌദ്യോഗിക ദേശീയഗാനം എന്ന പേരില്‍ അറിയപ്പെട്ട മിലേ സുര്‍ മേരാ തുമാരാ എന്ന 1988 ല്‍ പുറത്തിറങ്ങിയ ഗാനത്തോടെ ടെലിവിഷന്‍ മുഖാന്തിരം ജോഷി സാമാന്യജനഹൃദയങ്ങളിലും എത്തിപ്പെട്ടു. മിലേ സുര്‍ മേരാ തുമാരായിലൂടെ ആ സ്വരവും മുഖവും ഏതു സാധാരണക്കാരനും തിരിച്ചറിഞ്ഞു.
1985 ല്‍ അന്‍‌കഹീ എന്ന ചിത്രത്തിലെ തുമക് തുമക് എന്ന ഗാനത്തിന് മികച്ച ഗായകനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു.
ജോഷിയുടെ മരണത്തോടെ (2011 ജനവരി 24) ഹിന്ദുസ്ഥാനി സംഗീതം അസ്തമിച്ചു എന്നു വരെ പറയാം. പുനെയിലെ ആശുപത്രിയില്‍ വച്ച് അദ്ദേഹം മരിക്കുമ്പോള്‍ വയസ്സ് 88. 2008 ല്‍ ഭാരതം തന്റെ ഏറ്റവും വലിയ സിവിലിയന്‍ ബഹുമതിയായ ഭാരതരത്നം നല്‍കി ആ വലിയ കലാകാരനെ ആദരിച്ചു. കൂടാതെ പത്മശ്രീ, പത്മഭൂഷണ്‍ , പത്മവിഭൂഷണ്‍ , ഹിന്ദുസ്ഥാനി സംഗീതത്തിനുള്ള സംഗീതനാടക അക്കാദമി അവാര്‍ഡുകള്‍ എന്നിവനല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. കേരളസര്‍ക്കാരിന്റെ സ്വാതി പുരസ്കാരവും മറ്റനേകം സമ്മാനങ്ങളും ഇന്ത്യന്‍ സംഗീതത്തിന്റെ ചരിത്രം മാറ്റിയെഴുതിയ ആ മഹാനുഭാവന്‍ ആദരവോടെ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്.
ആദ്യഭാര്യ സുനന്ദ 1995 ല്‍ അന്തരിച്ചു. രണ്ടാമത് ശിഷ്യയായ വത്സലയെ വിവാഹം കഴിച്ചു. അവര്‍ 2005 ല്‍ അന്തരിച്ചു. മൂന്നാണ്മക്കളും ഒരു മകളും ഉണ്ട്.